കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്ന് മലയാള ഭാഷാദിന ആചരണം
കൊച്ചി: മികച്ച വിദ്യാഭ്യാസത്തോടൊപ്പം കായികക്ഷമതയുള്ള യുവത വളര്‍ന്നു വരേണ്ടത് രാഷ്ട്ര നിര്‍മ്മിതിയ്ക്ക് അനിവാര്യമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മാവൂത് അഭിപ്രായപ്പെട്ടു. 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കായിക-വിദ്യാഭ്യാസ സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും കായികമേഖലയും വിരുദ്ധധ്രുവങ്ങളാണെന്നാണ് പൊതുധാരണയെങ്കിലും യഥാര്‍ത്ഥത്തില്‍ അവ അനുപൂരകങ്ങളെന്നതാണ് യാഥാര്‍ത്ഥ്യം. വിജയങ്ങള്‍ ആഘോഷിക്കുമ്പോഴും പരാജയങ്ങള്‍ ഉള്‍ക്കൊള്ളാനും കായികരംഗം മനസ്സിനെ പാകപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകങ്ങള്‍ ലോകത്തെ അറിയാനും സ്പോര്‍ട്ട്സ് സ്വയം അറിയുവാനുമാണ് പ്രയോജനപ്പെടുന്നതെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജു കുമാര്‍ പറഞ്ഞു. വികസിതഭാരതത്തെ വിഭാവനം ചെയ്യുമ്പോള്‍ കായികക്ഷമതയുള്ള യുവതയുടെ ശക്തി കൂടി പ്രയോജനപ്പെടുത്താന്‍ സ്പോര്‍ട്ട്സിനു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകോത്സവ ഡയറക്ടര്‍ അഡ്വ. എം. ശശി ശങ്കര്‍, കെ. ആനന്ദബാബു, വി.എസ്. ഗിരിജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി മാധവൻ (മാധവ്ജി) അനുസ്മരണം മുൻ ഗോവ ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. രാഷ്ട്രമാണ് ഒന്നാമതെന്നു കരുതുകയും രാഷ്ട്രപുനർനിർമ്മാണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാത്മാവാണ് പി മാധവനെന്നു അദ്ദേഹം അനുസ്മരിച്ചു. എം.ആര്‍.എസ്. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീർ ജന്മശതാബ്ദി ആഘോഷം നടത്തി. പ്രേം നസീറിന്റ മകള്‍ റീത്ത ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ഇന്നു (നവം. 1) രാവിലെ 10.00൹ മലയാള സര്‍വ്വകലാശാല – വൈജ്ഞാനിക സാമൂഹിക പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ആര്‍.പ്രസാദ് നയിക്കും.
ഉച്ചക്ക് രണ്ടിന് SIR Special Intensive Revision – തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി
ബന്ധപ്പെട്ട വസ്തുതകളും, രാഷ്ട്രീയ-സാമൂഹിക ചർച്ചകളും എന്ന വിഷയത്തിൽ ശ്രീജിത്ത് പണിക്കർ, ശ്യാം രാജ്, അനു നാരായണൻ, ഹരിറാം എം.വി എന്നിവർ ചേർന്ന് പാനൽ ചർച്ച.
വൈകീട്ട് 4.30൹ മലയാള ഭാഷാ ദിന ആചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ 120 മുൻനിര പ്രസാധകർക്കു പുറമേ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടേതുൾപ്പെടെ 250 സ്റ്റാളുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് കൊച്ചി രാജ്യാന്തര പുസ്തകോത്സവ സമിതി പ്രസിഡൻ്റ് ഇ എൻ നന്ദകുമാർ അറിയിച്ചു. നവംബർ 8 വരെ ദിവസവും രാവിലെ 10.00 മുതല്‍ രാത്രി 8.00 വരെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.












