കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെയും, AI യുടെയും സഹായത്തോട് കൂടി നാം ഇന്ന് ലോകത്തിൻ്റെ നെറുകയിലേക്ക് എത്തി നിൽക്കുന്ന ഈ അവസരത്തിൽ നമ്മുടെ കണ്ണുകളെ ചികിത്സിക്കാൻ ലോകത്ത് എവിടെ ഇരുന്നും ഡോക്ടർമാർക്ക് സാധിക്കും എന്നിരിക്കെ, ആ കണ്ണുകൾ കൊണ്ട് അക്ഷരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമുക്ക് സാധിക്കണം എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ഭാഷാ ദിന ആചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരത സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ടൂറിസം മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് ‘ഹീൽ ഇൻ ഇന്ത്യ’ (Heal in India), ‘ഹീൽ ബൈ ഇന്ത്യ’ (Heal by India) എന്നത്. അതിപ്പോൾ ‘ഹീൽ ഫ്രം indua’ (Heal from India) എന്ന് കൂടി ആയതിൽ നമുക്ക് അഭിമാനിക്കാം. മലയാള ഭാഷാ ദിനാചരണത്തിൽ എറണാകുളത്തപ്പൻ്റെ മുന്നിൽ നിന്ന് അമ്മയാം മലയാളത്തിന് വേണ്ടി 71 വിളക്കുകൾ കൊളുത്തി സമർപ്പിക്കാൻ സാധിച്ചത് തൻ്റെ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 71 കുട്ടികളും, സുരേഷ് ഗോപിയും ചേർന്ന് കേരളത്തിൻ്റെ മാതൃകയിൽ ഒരുക്കിയ ചിരാതുകൾ തെളിയിച്ചു. പുസ്തകോത്സവ ഡയറക്ടര്‍ അഡ്വ. എം. ശശിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലാ വി.സി. പ്രൊഫ. കെ.കെ. സാബു, കേരള കലാമണ്ഡലം വി.സി. പ്രൊഫ. ബി. അനന്തകൃഷ്ണന്‍, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ശശിധരൻ നായർ, പി. സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ പുസ്തകോത്സവ വേദി സന്ദർശിച്ചു യുവാക്കളുമായി സംവദിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും അദ്ദേഹം വിതരണംചെയ്തു.
മലയാള സര്‍വ്വകലാശാല – വൈജ്ഞാനിക സാമൂഹിക പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ആര്‍. പ്രസാദ് നയിച്ചു. മാതൃഭാഷയുടെ വികസനത്തിലൂടെ മാത്രമേ എല്ലാത്തരം സാംസ്കാരിക അധിനിവേശങ്ങളേയും ചെറുക്കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. കെ.എം. ഭരതന്‍, ഡോ. പി. പവിത്രന്‍, ഡോ. സി. സെയ്തലവി, ഡോ. എം. ജി. മല്ലിക, ഡോ. ജി. സജിന, ഡോ. കെ.എം. അനില്‍, ബെറ്റിമോള്‍ മാത്യു, എസ്. രൂപിമ എന്നിവര്‍ പ്രസംഗിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വസ്തുതകളും, രാഷ്ട്രീയ-സാമൂഹിക ചർച്ചകളും എന്ന വിഷയത്തിൽ ശ്രീജിത്ത് പണിക്കർ, ശ്യാം രാജ്, അരുൺ, അനു നാരായണൻ, എം.വി. ഹരിറാം എന്നിവർ ചേർന്ന് പാനൽ ചർച്ച നടത്തി.
രണ്ടാം വേദിയിൽ ഒട്ടനവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങൾ നടന്നു. ഡോ.ലൂയിസിൻ്റെ 11 പുസ്തകങ്ങളുടെ റിലീസിങ് ഊർമ്മിള ഉണ്ണി നിർവ്വഹിച്ചു.
വൈകീട്ട് കുമാരി നന്ദന വിനോദിൻ്റെ മോഹിനിയാട്ടം, കേരള കലാമണ്ഡലം അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം എന്നിവ നടന്നു.
ഇന്ന് (നവംബര്‍ 2 തിങ്കളാഴ്ച) രാവിലെ 11.30൹ സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങള്‍ നടക്കും. പി.എസ്. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 3.00൹ മന്ത്രി റോജി എം. ജോണ്‍ ലീലാ മേനോന്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വൈകീട്ട് 4.00൹ പരിസ്ഥിതി സെമിനാര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ടിനി ടോം മുഖ്യാതിഥിയാകും.
നവംബർ 8 വരെ ദിവസവും രാവിലെ 10.00 മുതല്‍ രാത്രി 8.00 വരെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
ഫോട്ടോ അടിക്കുറിപ്പ് :
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചു നടന്ന ഭാഷാ ദിനാചാരണം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 71 ദീപങ്ങൾ തെളിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.







































