കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു
കൊച്ചി : വായനയോടും പുസ്തകത്തോടുമുള്ള അഭിനിവേശം കുറയുന്നില്ല എന്ന സൂചന നൽകി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന 29-ാമത് കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ഇക്കുറി നാലു ലക്ഷത്തിലധികം പേർ പത്തു ദിവസത്തെ പുസ്തകോത്സവ നഗരി സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. പുസ്തകോത്സവത്തിനു പുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന വിജ്ഞാനോത്സവം, പത്താമത് കൊച്ചി സാഹിത്യോത്സവം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും പുത്സകോത്സവനഗരിയില് നടന്നു. ഇരുന്നൂറില്പരം എഴുത്തുകാര്‍ സന്ദര്‍ശകരുമായി സംവദിച്ചു. പൊതുമേഖലാ-ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുള്‍പ്പെടെ ഇരുന്നൂറില്പരം സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. മാദ്ധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 120-ല്‍പരം മുന്‍നിര പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുത്തതായി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍, എക്സിക്യൂട്ടീവ് സെക്രട്ടറി ബി. പ്രകാശ് ബാബു എന്നിവര്‍ അറിയിച്ചു.
മാടമ്പ് കുഞ്ഞുകുട്ടന് പുരസ്കാരസമര്‍പ്പണവും പുസ്തകപ്രകാശനവും കവി പ്രൊഫ. വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്തു. പാരമ്പര്യം കൈവിടാത്ത എഴുത്തുകൾ ഉണ്ടാവണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ എഴുത്തുകാർ രചനാ വഴിയിൽ പുതുമ തേടുന്നതോടൊപ്പം, ഭൂതകാലത്തിന്റെ നല്ല വശങ്ങൾ സ്വാംശീകരിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പായിപ്ര രാധാകൃഷ്ണന്, ജാന്‍ അബുദാബി, തനൂജ ബീഗം, അഡ്വ. ലിംജിത്, ദുര്‍ഗ്ഗാ മദനന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാ-സാഹിത്യമത്സങ്ങളുടെ സമ്മാനദാന ചടങ്ങില്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന് മുഖ്യാതിഥിയായി. കൃഷ്ണമൂര്‍ത്തി, സുദര്ശനന് കലാഭവന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ പുസ്തകോത്സവത്തില്‍ ജേതാക്കളായവര്‍ക്ക് പ്രേംകുമാര്‍ സമ്മാനങ്ങള്‍ നല്കി. ഉഷ കണിവള്ളില്, സിയ പുത്തേത്ത്, ഷിഫ എന്നിവര്‍ പ്രസംഗിച്ചു. മികച്ച പ്രസാധകര്‍ക്കുള്ള അവാര്‍ഡ് വിതരണച്ചടങ്ങില്‍ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന് അദ്ധ്യക്ഷനായി. എസ്. പ്രകാശ്, ഷാനവാസ് വലിയവീട്ടില്‍, ഡോ. കെ.ജെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു. മലയാള സാഹിത്യകാര സംഗമം ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായി.





















