കൊച്ചി: ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ പുസ്തകവായന അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടിയാലും അത് അറിവായിത്തീരണമെന്നില്ല. എന്തു കാണണം, എന്തറിയണം എന്ന് ഇന്നു തീരുമാനിക്കുന്നത് അല്‍ഗോരിതങ്ങളാണ്. വിവേകത്തേക്കാള്‍ കൂടുതല്‍ വികാരങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പടുന്ന കാലത്ത് കൃത്യമായ വിശകലനത്തിന് നല്ല പുസ്തകവായനയിലേയ്ക്ക് പുതുതലമുറ നയിക്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ലീലാമേനോന്‍ മാദ്ധ്യമ പുരസ്കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
എന്‍.പി. രാജേന്ദ്രന്‍ (ലൈഫ് ടൈം അക്‍ചീവ്മെന്റ്), ബെറില്‍ തെരേസ ബാബു, എന്‍.പി. ഹരിദാസ് (മികച്ച ഫീച്ചറുകള്‍), നിധിന്‍ കൃഷ്ണ (മികച്ച ഫോട്ടോഗ്രാഫര്‍), അനഘ മുരളി (ഇലക്ട്രോണിക്‍ മീഡിയയിലെ മികച്ച ഫീച്ചര്‍), അഖില്‍ ദാസ് (മികച്ച വീഡിയോഗ്രാഫര്‍) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പുസ്തകോത്സവം എക്സി. ചെയര്‍മാന്‍ അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ മുഖ്യാതിഥിയായി. ജ്യോതിര്‍ഘോഷ്, കെ. ഗോപാലകൃഷ്ണന്‍, ടി. സതീശന്‍, കെ.എസ്.കെ. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങളില്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ മുഖ്യാതിഥിയായി. പി.എസ്. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍, അനില്‍ കാവാലം, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചാം ദിവസമായ ഇന്ന് (നവംബര്‍ 3 ചൊവ്വാഴ്ച) വൈകീട്ട് 3.00൹ മതഭീകരവാദവും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ സുനില്‍ തീരഭൂമി നയിക്കുന്ന പാനല്‍ ചര്‍ച്ച. വൈകീട്ട് 4.30൹ മതനിരാസവും മൂല്യച്യുതിയും എന്ന വിഷയത്തില്‍ അഹമദീയ മുസ്ലീം ജമായത്ത് സംഘടിപ്പിക്കുന്ന പാനല്‍ ചര്‍ച്ച. വൈകീട്ട് 6.00൹ ഇന്ത്യന്‍ ഭരണഘടനയെപ്പറ്റിയുള്ള ചര്‍ച്ച ദേശീയ ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചര്‍ച്ചയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കലാസാംസ്കാരിക പരിപാടികള്‍ നടക്കും.
നവംബർ 8 വരെ ദിവസവും രാവിലെ 10.00 മുതല്‍ രാത്രി 8.00 വരെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതു ലക്ഷ്യമിട്ടു് പുസ്തകോത്സവവേദിയില്‍ സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനോത്സവത്തില്‍ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായി വിദ്യാര്‍ത്ഥികളുടെ സംവാദവും എല്ലാ ദിവസവും ഒരുക്കിയിട്ടുണ്ട്.
പുസ്തകമേളയിലെത്തിയ ഐഎസ്ആര്‍ഒയുടെ സ്പേസ്-ഓണ്‍-വീല്‍സ് പ്രദര്‍ശന വാഹനം ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇന്ത്യൻ വിക്ഷേപണ വാഹനങ്ങളുടെ പരിണാമം, ഐ.എസ്.ആർ.ഒ.യുടെ പ്രധാന ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെയും ചെറുമാതൃകകൾ, ഭാവി ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹങ്ങളുടെ പ്രവർത്തനവും ഉപയോഗവും, ചന്ദ്രയാൻ-മംഗൾയാൻ മാതൃകകൾ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടു ലോഞ്ച് പാഡുകളുടെ മാതൃകകള്‍ എന്നിവയാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ പഠന താത്പര്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന വാഹനം തിരുവനന്തപുരത്തു നിന്നും എത്തിച്ചട്ടുള്ളതെന്നും ഇത് വെള്ളിയാഴ്ച വരെ പുസ്തകോത്സവനഗരിയില്‍ ഉണ്ടായിരിക്കുമെന്നും പുസ്തകോത്സവസമിതി പ്രസിഡണ്ട് ഇ.എന്‍.നന്ദകുമാര്‍ അറിയിച്ചു.
========================



















