കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ സമഗ്രസംഭവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരo ഡോ.എം.എം. ബഷീറിന് സമ്മാനിക്കാൻ ബാലാമണിയമ്മ പുരസ്‌കാര നിർണ്ണയ സമിതി അംഗങ്ങളായ ഡോ: എം ലീലാവതി, പ്രൊഫ: എം. തോമസ് മാത്യു, കെ. എൽ. മോഹനവർമ്മ എന്നിവർകൂടി തീരുമാനമെടുത്തു. പുരസ്‌കാരം 2025 നവംബർ 7 വ്യാഴാഴ്ച അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സമ്മാനിക്കും.50000 രൂപയും, പ്രശസ്തി പത്രവും, ഫലകവും നൽകും.2025,നവംബർ 1 മുതൽ 10 വരെ ആണ് പുസ്‌തകോത്സവം നടക്കുന്നത്….
സാഹിത്യ ഗവേഷകൻ, നിരൂപകൻ, അദ്ധ്യാപകൻ, എഡിറ്റർ, പ്രഭാഷകൻ തുടങ്ങി വിവിധ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.എം.എം. ബഷീർ കാലിക്കറ്റ് സർവകലാശാലയിൽ അദ്ധ്യാപകനായിരന്നു. അമ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. 1940ൽ, തിരുവനന്തപുരത്തെ കണിയാപുരത്താണ് ഡോ.എം.എം. ബഷീർ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് എംഎ പാസായി, കേരള യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ചെയ്തു. പഠനകാലത്തുതന്നെ കർമ്മഭൂമി സായാഹ്ന പത്രത്തിൽ പ്രവർത്തിച്ചു. പിൽക്കാലത്ത് പലകാലങ്ങളിൽ ഗ്രന്ഥാലോകം, മലയാളവിമർശം, സാഹിത്യലോകം, സംസ്‌കാരകേരളം, കേരളകവിത തുടങ്ങിയ നിരവധി സാഹിത്യ മാസികകളുടെ പത്രാധിപരായി. കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ ലക്ചററായി അദ്ധ്യാപക ജീവിതം ആരംഭിച്ച്, കാലാവധി പൂർത്തിയാക്കി, അവിടുന്നുതന്നെ വിരമിച്ചു.
മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ ഡോ. എം.എം. ബഷീർ, 50 ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പുത്തേഴത്ത് രാമൻമേനോൻ അവാർഡ് (1989), സി.ജെ. സ്മാരക ഡോ.എബ്രഹാം വടക്കേൽ അവാർഡ് (1993), അബുദാബി ശക്തി അവാർഡ് (2016), കേരള സാഹിത്യ പരിഷത്ത് അവാർഡ് (2017) എന്നിവ ലഭിച്ചിട്ടുണ്ട്. 2008ൽ, രണ്ടുഭാഗങ്ങളിലായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുള്ള ‘മലയാള ചെറുകഥാ സാഹിത്യ ചരിത്രം’1950 മുതൽ 2007 വരെയുള്ള കഥകളെ ആസ്പദമാക്കിയുള്ള പഠനമാണ്.
